ഇന്ത്യൻ നിയമം : ഇന്ത്യൻ സമൂഹികാവസ്ഥയിൽ നിന്നു വീക്ഷിക്കുമ്പോൾ ഗർഭഛിദ്രം അഥവാ ശാസ്ത്രീയമായ ഗർഭം അലസിപ്പിക്കലിന്റെ (Medical Termination of Pregnancy, MTP) കാര്യത്തിൽ വളരെയേറെ മിഥ്യാധാരണകളും അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. ഗർഭഛിദ്രം നടത്തുന്നത് നിയമവിധേയമാണെന്നുള്ളത് മിക്ക സ്ത്രീകൾക്കും അറിവില്ലാത്ത കാര്യമാണ്. ഗർഭഛിദ്രത്തിന്റെ കാര്യത്തിൽ എന്താണ് ശരി എന്താണ് തെറ്റെന്നു സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതവുമാണ്. ഇന്ത്യയിൽ അബോർഷൻ നടത്തുന്നതിനെ സംബന്ധിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കാനിടയില്ലാത്ത പത്തു കാര്യങ്ങൾ താഴെ പറയാം.
1. ഗർഭച്ഛിദ്രം ഇന്ത്യയിൽ നിയമവിധേയമാണ്.
ചില സാഹചര്യങ്ങളിൽ, ഇരുപത് ആഴ്ച വരെ പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നത് , ഇന്ത്യയിൽ നിയമവിധേയമാണ്. 1971ലെ ഗർഭം അലസിപ്പിക്കൽ അനുവദിക്കുന്നതിനുള്ള നിയമം അനുസരിച്ച് അബോർഷൻ നടത്താൻ കഴിയുന്ന പ്രത്യേക സാഹചര്യങ്ങൾ ഇനി പറയാം
- ബലാൽസംഗം
- ഗർഭിണിയായ സ്ത്രീയുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിനു ഭീഷണി ഉണ്ടാകുമ്പോൾ
- വിവാഹിതയായ സ്ത്രീയുടെ ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെടുമ്പോൾ
- ഗർഭസ്ഥശിശുവിന് അംഗവൈകല്യ സാധ്യതയുള്ളപ്പോൾ
2. ഗർഭഛിദ്രം വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണ്
താത്പര്യപ്പെടുമ്പോൾതന്നെ ഗർഭഛിദ്രം നടത്തുവാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും, നിർബന്ധപൂർവമുള്ള അബോർഷൻ വേണ്ടെന്നു വെയ്ക്കാനുള്ള അവകാശം സ്ത്രീയുടേതാണ്.
ഗർഭാവസ്ഥയിൽ തന്നെ തുടരാനും പ്രസവിയ്ക്കാനുമുള്ള അവകാശം അവൾക്കുണ്ട്. ഗർഭഛിദ്രത്തിന് അവളെ നിർബന്ധിക്കുവാൻ ആർക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നത് നിയമം അനുസരിച്ചു ശിക്ഷാർഹമാണ്.
3. ഗർഭഛിദ്രം അനുവദിയ്ക്കപ്പെടുവാൻ സ്ത്രീയ്ക്ക് അവളുടെ മാത്രം സമ്മതം മതി.
നിങ്ങൾ ഗർഭഛിദ്രം നടത്താൻ ഉദ്ദേശിക്കുന്ന ഗർഭിണിയായ ഒരു സ്ത്രീ ആണെങ്കിൽ ഓർക്കുക ,നിങ്ങൾക്ക് അതു അനുവദിച്ചു കിട്ടാൻ നിങ്ങളുടെ മാത്രം സമ്മതം മതി. നിങ്ങൾ പതിനെട്ടു വയസ്സു കഴിഞ്ഞ ഒരു പെണ്കുട്ടിയാണെങ്കിൽ നിങ്ങൾക്ക് ഗർഭഛിദ്രം നടത്താൻ മറ്റാരുടെയും അനുവാദം വേണ്ട. ഒരു ആശുപത്രിയിലെ ഡോക്ടറോ അനുബന്ധ വ്യക്തികളോ ഗർഭഛിദ്രം നടത്തുവാൻ നിങ്ങളുടെ ഭർത്താവിന്റെയോ രക്ഷകർത്താവിന്റെയോ അനുവാദം ചോദിച്ചാൽ, അതു നിങ്ങളുടെ ശരീരമാണ്; നിങ്ങളുടെ അവകാശമാണെന്ന് അവരെ ഓർമിപ്പിക്കുക.
4. ഇരുപത് ആഴ്ച വരെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കഴിയുന്നതാണ്.
ഗർഭം അലസിപ്പിക്കൽ നിയമം അനുസരിച്ചു ഇരുപതു ആഴ്ച വരെയുള്ള ഏതു ഗർഭവും അലസിപ്പിക്കാൻ അനുവാദം ഉണ്ട്. എന്നിരുന്നാലും 2017 ജനുവരിയിലെ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയനുസരിച്ചു ബലാത്സംഗത്തിന് വിധേയയായ ഒരു സ്ത്രീയ്ക്ക് ഇരുപത്തിനാലു ആഴ്ച വരെയുള്ള ഗർഭം, ആ കാലയളവിൽ ഭ്രൂണത്തിന് തല വളർന്നു തുടങ്ങാൻ സമയം ആകാത്തത് കൊണ്ട്, അലസിപ്പിക്കാനുള്ള അനുവാദം ഉണ്ട്. ഗർഭം അലസിപ്പിക്കൽ അനുവദിക്കുന്നതിന്റെ സമയപരിധി നിലവിലത്തെ ഇരുപത് ആഴ്ചയിൽ നിന്നും ഇരുപത്തിനാല് ആഴ്ച ആക്കുവാനുള്ള ഒരു നിയമഭേദഗതി 2014ൽ തന്നെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അതിനിപ്പോള്‍ പ്രസക്തിയില്ല.
5. എല്ലാ ഗർഭഛിദ്രവും ഭ്രൂണഹത്യ ആകണമെന്നില്ല .
ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയത്തിനു ശേഷം നടത്തുന്ന ഗർഭഛിദ്രത്തെ മാത്രമേ ഭ്രൂണഹത്യയായി കണക്കാക്കാൻ കഴിയൂ. 1994ൽ നിലവിൽ വന്ന PCPNDT നിയമം അനുസരിച്ച് ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയത്തെ അടിസ്ഥാനമാക്കിയുള്ള ഭ്രൂണഹത്യ നിരോധിച്ചിട്ടുണ്ട്. ലിംഗനിർണയം കൊണ്ടാണ് ഒരു ഗർഭഛിദ്രം നടന്നത് എന്നു തെളിഞ്ഞാൽ,അതൊരു ശിക്ഷാർഹമായ കുറ്റമാണ്.
6. ഗർഭാവസ്ഥയുടെ പന്ത്രണ്ട് ആഴ്ച വരെ ലിംഗനിർണയം സാധ്യമാകണമെന്നില്ല
സാധാരണയായി ഗർഭാവസ്ഥയുടെ പന്ത്രണ്ട് ആഴ്ച വരെ ഭ്രൂണത്തിന്റെ ലിംഗനിർണയം സാധ്യമല്ല. അതുകൊണ്ടു പന്ത്രണ്ട് ആഴ്ചയ്ക്കു ഉള്ളിലുള്ള ഒരു ഗർഭഛിദ്രം ലിംഗനിർണയത്തെ തുടർന്ന് ആണെന്ന് കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ നിയമം അനുസരിച്ച് ഒരു സ്ത്രീയെ ലിംഗനിർണയം നടത്താൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. ലിംഗനിർണയവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം എന്തെന്നാൽ, PCPND ആക്റ്റ് അനുസരിച്ച് ലിംഗനിർണയം നടത്തുന്ന ടെക്‌നീഷ്യനും ശിക്ഷാർഹനാണ്.
7. ഒരു രജിസ്ട്രേഡ് മെഡിക്കൽ ഡോക്ടർക്കു മാത്രമേ ഗർഭഛിദ്രം നടത്താൻ അനുവാദമുള്ളൂ.
ഒരു രജിസ്ട്രേഡ് മെഡിക്കൽ ഡോക്ടറെ കൊണ്ടു മാത്രമേ ഗർഭഛിദ്രം നടത്താൻ പാടുള്ളു. ഒരു ഗർഭച്ഛിദ്രം നടത്താൻ ആലോചിക്കുമ്പോൾ അതൊരു നിസ്സാരമായ കാര്യം ആണെന്ന് നമുക്ക് തോന്നാം. പക്ഷെ നമ്മൾ വളരെ ഗൗരവമായി പരിഗണിക്കേണ്ട ഒരു വിഷയമാണിത്, എന്തെന്നാൽ സുരക്ഷിതമല്ലാത്ത ഗർഭം അലസിപ്പിക്കൽ വളരെ സങ്കീർണമായ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഒരു ഡോക്ടർക്കു ഒരു റെജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടിഷണർ അകാൻ വേണ്ടുന്ന അവശ്യ ഘടകങ്ങൾ എന്തൊക്കെയാണെന്ന് ഗർഭം അലസിപ്പിക്കൽ നിയമത്തിൽ പ്രസ്താവിക്കുന്നുണ്ട്. ഒരു ഡോക്ടർ ഈ ജോലിയ്ക്ക് പ്രാപ്തനാണ് എന്നു ഉറപ്പിക്കാൻ വളരെ കർശനമായ മാനദണ്ഡങ്ങൾ ഇന്ത്യൻ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനാൽ ഒരു റെജിസ്ട്രേഡ് മെഡിക്കൽ ഡോക്ടറെ കൊണ്ടു തന്നെ ഗർഭച്ഛിദ്രം നടത്തിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.
8. ഗർഭച്ഛിദ്രം ഒരു സർക്കാർ ആശുപത്രിയിലോ അല്ലെങ്കിൽ ഒരു ജില്ലാതല മെഡിക്കൽ കമ്മിറ്റി അംഗീകരിച്ച ആശുപത്രിയിലോ മാത്രമേ നടത്താവൂ.
ഗർഭച്ഛിദ്രം നടത്താൻ ഒരു റെജിസ്ട്രേഡ് മെഡിക്കൽ ഡോക്ടർ വേണമെന്നുള്ളത് പോലെ തന്നെ പ്രധാനമാണ് ഇതൊരു സർക്കാർ അംഗീകൃത ആശുപത്രിയിൽ തന്നെ നടത്തുക എന്നുള്ളതും. ഗർഭം അലസിപ്പിക്കൽ ഒരു സർക്കാർ ആശുപത്രിയിലോ അല്ലെങ്കിൽ ഇതിനായി രൂപീകരിച്ചിട്ടുള്ള ഒരു ജില്ലാ തല സമിതി അംഗീകരിച്ചിട്ടുള്ള ആശുപത്രിയിലോ മാത്രമേ നടത്താവൂ. എവിടെയാണ് സുരക്ഷിതമായി ഗർഭ ഛിദ്രം നടത്തേണ്ടത് എന്നുള്ള കാര്യത്തിൽ നിങ്ങൾക്ക് വ്യക്തതയില്ലെങ്കിൽ അടുത്തുള്ള സർക്കാർ അശുപത്രിയുമായി ബന്ധപ്പെടുന്നതാണ് പിന്നീടുള്ള സങ്കീർണതകൾ ഒഴിവാക്കുവാൻ നല്ലത്.
9. ഗർഭച്ഛിദ്രം ഒരു അവകാശമല്ല.
ഇൻഡ്യയിൽ ഗർഭഛിദ്രം അനുവദിക്കപ്പെടുന്നത് നിയമവിധേയം ആണെങ്കിലും ഇതു സ്ത്രീകൾക്കുള്ള ഒരു അവകാശം അല്ല.
എന്താണ് ഇതു അർത്ഥമാക്കുന്നത് ?.
അതായത് ഒരു സ്ത്രീയ്ക്ക് ആവശ്യപ്പെടുമ്പോൾ തന്നെ ഗർഭഛിദ്രം അനുവദിക്കപ്പെടുകയോ അല്ലെങ്കിൽ ഒരു ഡോക്ടറോട് ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിക്കുകയോ ചെയ്യാൻ അവകാശമില്ല എന്നാണ് ഇതുകൊണ്ടു അർത്ഥമാക്കുന്നത്.
മുകളിൽ പറഞ്ഞ ഏതെങ്കിലും കാരണങ്ങൾ കൊണ്ട് മാത്രമേ ഗർഭം അലസിപ്പിക്കൽ അനുവദിക്കപ്പെടുകയുള്ളൂ എന്ന് ഇന്ത്യൻ നിയമം അനുശാസിക്കുന്നു.
10. ഗർഭച്ഛിദ്രം നടത്താനുള്ള ഏതൊരു സ്ത്രീയുടെയും ആവശ്യം നിഷേധിക്കാനുള്ള അവകാശം ഒരു ഡോക്ടർക്കുണ്ട്.
ഗർഭഛിദ്രം ഇൻഡ്യയിൽ ഒരു അവകാശം അല്ല. അതിനാൽ ഏതൊരു ഡോക്ടർക്കും ഇതു ചെയ്യാനുള്ള ആവശ്യം നിരസിക്കാം. ഈ അവസരത്തിൽ സ്ത്രീയ്ക്ക് ഗർഭം അലസിപ്പിക്കുന്നതിന് കാരണമായി അവളുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കാവുന്നതാണ്. എന്നിരുന്നാലും ആ അവസ്ഥയിൽ ഗർഭച്ഛിദ്രം നടത്തുന്നത് ശെരിക്കും ബുദ്ധിമുട്ട് തന്നെ ആണെന്ന് കണ്ടെത്തുകയാണെങ്കിൽ ഡോക്ടർക്കു അത് നിഷേധിക്കാവുന്നതാണ്.
Transilated to malayalam by Abhilash Illikkulam
Abhilash is an independent stream writer. He channels his ideology to the society as a script writer, film director, travel vlogger and a singer.
0 comments Add a comment